Quick Enquiry


Contact Information

 

 

പാപതിമിരവും ആത്മീയാന്ധതയും മൂടിക്കെട്ടിയ മാനവഹൃദയങ്ങളെ പ്രകാശത്തിലേയ്ക്കും കാഴ്ചയിലേയ്ക്കും ദൈവാനുഭവത്തിലേയ്ക്കും നയിക്കുന്ന ഇന്നിന്റെ ശിലോഹാ, സ്‌നേഹിതനോടെന്നപോലെ ദൈവം തന്റെ ജനത്തെ മുഖാഭിമുഖം ദർശിക്കുന്ന സമാഗമകൂടാരം ദൈവീക സാന്നിധ്യം അഗ്നിസ്തംഭമായും, മേഘത്തൂണുകളായും നിലകൊള്ളുന്ന വചനകൂടാരം. ആസക്തികളാലും ദുരാശകളാലും പാപത്തിനും ലോകത്തിനും വിൽക്കപ്പെട്ട ജീവിതങ്ങൾ കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള അമൂല്യവും നിഷ്‌ക്കളങ്കവുമായ യേശു രക്തത്താൽ വിടുതലും വിമോചനവും പ്രാപിക്കുന്ന ശക്തികേന്ദ്രം. ഇന്നും ജീവിക്കുന്നവന്റെ വചനശക്തിയും, ഉത്ഥാന ശക്തിയും ലോകത്തോടുപ്രഘോഷിക്കുന്ന ആത്മീയ ഭവനം. ഹരിതാഭയണിഞ്ഞ മലനിരകളും, മന്ദസ്മിതം തൂകി ഒഴുകുന്ന നീർച്ചാലുകളും കനകം വിളയിക്കുന്ന താഴ്‌വാരങ്ങളും കൊണ്ട് അനുഗ്രഹീതമായ പുല്ലൂരാംപാറയുടെ തിരുനെറ്റിയിൽ ദൈവം തൊട്ട തിലക്കുറിയായ ബഥാനിയ താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമാണ്. വരദാനങ്ങളുടെ വിളഭൂമിയായി പതിനായിരങ്ങൾക്ക് ആത്മീയ സ്രോതസ്സായി കേരള സഭയിൽ പ്രഭാപൂരം ചൊരിഞ്ഞുനിൽക്കുന്ന ഈ പുണ്യകൂടാരം 1994 മുതൽ പതിനായിരക്കണക്കിനു തകർന്ന മനസ്സുകൾക്കും ജീവിതങ്ങൾക്കും പ്രത്യാശയുടെ കൈത്തിരി പകർന്നുകൊണ്ടേയിരിക്കുന്നു. വലിയ മാനസാന്തരത്തിന്റെ കഥ പറയുന്ന, എല്ലാമാസവും രണ്ടും നാലും ആഴ്ചകളിൽ നടക്കുന്ന ധ്യാനങ്ങൾ, രോഗവും ദു:ഖദുരിതങ്ങളും സമ്മാനിച്ച മുറിവുകൾ ദൈവം തൊട്ടുസുഖപ്പെടുത്തുന്ന അത്ഭുതസാക്ഷ്യങ്ങൾക്ക് വേദിയാകുന്ന എല്ലാ ആദ്യവെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന ജാഗരണപ്രാർത്ഥന, വിലാപങ്ങളെ ആനന്ദകീർത്തനമാക്കി മാറ്റുന്ന വെള്ളിയാഴ്ചകളിലെ ഏകദിനശുശ്രൂഷകൾ, രണ്ടാം ശനിയാഴ്ചത്തെ കുട്ടികളുടെ ഏകദിന കൺവെൻഷൻ, എല്ലാ ദിവസവുമുള്ള നിത്യാരാധന, ദിവ്യകാരുണ്യ സന്നിധിയിൽ നിയോഗങ്ങൾ ഉയർത്തിയുള്ള മാദ്ധ്യസ്ഥപ്രാർത്ഥന, കണ്ണുനീരൊപ്പുന്ന കൗൺസിലിംഗ് ശുശ്രൂഷകൾ, 101 ഇരവും പകലും ദിവ്യകാരുണ്യസന്നിധിയിൽ പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം തേടുന്ന അത്ഭുതമായ അഖണ്ഡജപമാല സമർപ്പണം ഇവ ഈ ഭവനത്തെ കേരളസഭയുടെ തന്നെ പ്രകാശഗോപുരമാക്കുന്നു. അഭിവന്ദ്യ പോൾ ചിറ്റിലപ്പിള്ളിപിതാവിന്റെ വാത്സല്യവും, മാർ റെമിജിയോസ് ഇഞ്ചനാനിപ്പിതാവിന്റെ നേതൃത്വവും ഈ വചനകൂടാരത്തിന് ശക്തിപകരുന്നു. ഡയറക്ടറായ ബഹുമാനപ്പെട്ട ഫാ. ബെന്നി മുണ്ടനാട്ട്എന്നിവരും 250 ശുശ്രൂഷകരും ഈ ഭവനത്തെ പ്രാർത്ഥനയും ശുശ്രൂഷയും കൊണ്ട് ധന്യമാക്കുന്നു.


  • Bethaniya Renewal Center , Pullurampara , Calicut Dt. , Kerala. - 673603.
  • Kerala , India
Stay Connected

Contact Form