Quick Enquiry


BL. KUNJACHAN

പാലാ രൂപതയിൽ ,രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാപ്പള്ളി ഇടവകയിലെ കുഴുബിൽ കുടുംബത്തിന്റെ തേവർപറമ്പിൽ ശാഖയിൽ ,ഇട്ടിയേപ്പുമാണി,ഏലീശ്വാദമ്പതികളുടെ തൃതീയ പുത്രനായി "കുഞ്ഞച്ചൻ "എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഗസ്തിയച്ചൻ 1891 ഏപ്രിൽ ഒന്നാം തീയതി ഭൂജാതനായി     

                                                          പ്രാഥമിക പഠനം രാമപുരത്തും തുടർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം മാന്നാനം സെന്റ് എഫ്രംസ് സ്കൂളിലും പൂർത്തിയാക്കിയതിനു ശേഷം ,അദ്ദേഹം വൈദികപഠനാർത്ഥം ചങ്ങനാശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു.തുടർന്ന് വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ അഗസ്റ്റിൻ ശെമ്മാശന് 1921 ഡിസംബർ  17 -ന് ചങ്ങനാശ്ശേരി മെത്രാൻ മാർ തോമസ് കുര്യാളശ്ശേരി വൈദികപട്ടം നൽകി. വളരെപൊക്കം കുറഞ്ഞവനായതുകൊണ്ടു "കുഞ്ഞച്ചൻ " എന്നാണ് എല്ലാവരും വിളിച്ചു പോന്നത് .

                                                                                              പ്രഥമബലിയർപ്പണത്തിനു ശേഷം ഒരു വർഷം സ്വന്തം ഇടവകയായ രാമപുരത്തും, തുടർന്ന് അസിസ്റ്റന്റ് എന്ന നിലയിൽ മുന്ന് വർഷം അയൽ ഇടവകയായ കടനാട്ടിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.അനാരോഗ്യം മൂലം രാമപുരത്തു തിരിച്ചു വന്ന കുഞ്ഞച്ചൻ ,അവിടെ ഒരു പുതിയ പ്രവർത്തന മേഖല കണ്ടെത്തി.പുലയർ ,പറയർ തുടങ്ങി അന്ന് സമൂഹത്തിൽ ഏറ്റം താഴ്നിലയിൽ ജീവിച്ചിരുന്ന സാധുക്കളായ ദളിത് ജനങളുടെ സമഗ്രവിമോചനത്തിനായി പ്രയത്നിക്കുക.

                                                                                         1926 മാർച്ചിൽ ബഹു .ഫാ .ഹില്ലാരിയോസ് CMI രാമപുരം പള്ളിയിൽ നടത്തിയ വാർഷിക ധ്യാനത്തോടനുബന്ധിച്ചു ഏതാനും ദളിത് കുടുംബങ്ങൾ മാമോദിസ സ്വീകരിച്ചിരുന്നു.അതിൽ നിന്നു പ്രചോദനമുൾക്കൊണ്ട കുഞ്ഞച്ചൻ ,അവരുടെയിടയിലേക്കുള്ള പ്രേഷിതാപ്രവർത്തനം ഒരു കുരിശു യുദ്ധത്തിന്റെ തീക്ഷണതയോടെ ഏറ്റെടുത്തു.1926 സെപ്റ്റംബർ മാസത്തിലാണ് ഈ പുതിയ ജോലി അദ്ദേഹം സമാരംഭിച്ചത്.സ്വയം തിരഞ്ഞെടുത്ത ഈ പ്രേഷിതവൃത്തിയിൽ ജീവിതാന്ത്യം വരെ അദ്ദേഹം വ്യാപൃതനായിരുന്നു.ചങ്ങനാശ്ശേരി,പാലാ രൂപതാദധ്യക്ഷന്മാർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  

                                                                        രാമപുരത്തും സമീപപ്രദശങ്ങളിലുള്ള ദളിത് ജനങളുടെ കുടിലുകളിൽ ദിനംപ്രതി കയറിയിറങ്ങി.അവരുടെ കഷ്ടപ്പാടുകളിലും വേദനകളിലും പങ്കുചേർന്നു. മാമോദിസാ സ്വീകരിച്ചവരെ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളിൽ ജീവിച്ചിരുന്നവരെ അവയിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.ആശ്വാസദായകനുംവഴിക്കാട്ടിയുമായി കുഞ്ഞച്ചനെ  അവർ കണ്ടു.5000 -ൽ പരം ആളുകൾക്ക് ജഞാനസ്നാനം നൽകി അദ്ദേഹം സഭയിലേക്ക് സ്വീകരിച്ചു.

                                        വാർദ്ധക്യവും രോഗവും കാരണം സജീവ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയതിനുശേഷം കുഞ്ഞച്ചൻ ദളിത് ക്രൈസ്തവരുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്നു .ആ നാളുകളിൽ രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ മുറിയിൽ തന്നെ ഇരുന്നുകൊണ്ട് അദ്ദേഹം ദിവ്യബലി അർപ്പിച്ചു . 

                                                                       1971 ഡിസംബർ 22 -ന് ഇടവകജനങ്ങളുടെ നിർബന്ധം കാരണത്താൽ കുഞ്ഞച്ചന്റെ പൗരോഹിത്യ ജൂബിലി ആഘോഷിച്ചു .വാർദ്ധ്യക്യം മൂലം തീരെ അവശനായിത്തീർന്നപ്പോൾ പ്രത്യേക ശുശ്രുഷക്കായി കുഞ്ഞച്ചനെ ബന്ധുക്കൾ സ്വന്തം ഭവനത്തിലേക്കു കൊണ്ടുപോയി.അവിടെ വച്ച് 1973 ഒക്ടോബർ 16 -ന് അദ്ദേഹം കർത്താവിൽ നിദ്ര  പ്രാപിച്ചു.

                                                            1987 ഓഗസ്ററ് 11 -ന് കുഞ്ഞച്ചനെ വിശുദ്ധനെന്നു നാമകരണം ചെയ്യുന്നതിനുള്ള രൂപത അന്വേഷണ കോടതി രാമപുരം ഫൊ .പള്ളിയിൽ വച്ചു ഉദ്ഘാടനം ചെയ്യപ്പെട്ടു അന്നു മുതൽ കുഞ്ഞച്ചൻ "ദൈവദാസൻ " എന്നറിയപ്പെടാൻ തുടങ്ങി.1997 ഫെബ്രുവരി 12 -ന്  കുഞ്ഞച്ചന്റെ സുകൃതജീവിതം സംബന്ധിച്ചുള്ള  പൊസിഷ്യേ റോമിൽ വിശുദ്ധരുടെ നാമകരണ നടപടിക്ക് സമർപ്പിച്ചു 2004 ജൂണിൽ കുഞ്ഞച്ചന്റെ സുകൃതജീവിതം അംഗീകരിച്ചു മാർപാപ്പ കുഞ്ഞച്ചനെ ധന്യനെന്നു നാമകരണം നൽകുകയും ചെയ്തു.വിവിധ തലങ്ങളിൽ നടത്തിയ വിശുദമായ പഠനത്തിൽ ഒടുവിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2005 ഡിസംബർ 19-ന് അംഗീകരിച്ചു അതോടെ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കാനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി .2006 ഏപ്രിൽ 30 -ന് കുഞ്ഞച്ചനെ "വാഴ്ത്തപ്പെട്ടവൻ"എന്ന് പ്രഖ്യാപിച്ചു.