Quick Enquiry


ബഥാനിയ ആർട്ടിക്കിൾ

 വിശുദ്ധ കുർബാനയും ക്രൈസ്തവ ജീവിതവും

Written by : ഫാ. ബെന്നി മുണ്ടനാട്ട് (ഡയറക്ടർ, ബഥാനിയ)   Thursday, 05 May 2016

 

നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ് വി. കുർബാന. വി. കുർബാനയിൽ ഒരു വിശ്വാസി പങ്കെടുക്കുമ്പോൾ നിശബ്ദരായ പ്രേക്ഷകരെപ്പോലെയോ അപരിചിതരെപ്പോലെയോ പങ്കെടുക്കരുതെന്നും, ഭക്തിയും ശ്രദ്ധയും വിശ്വാസവും തീക്ഷ്ണതയും ബലിയർപ്പണത്തിൽ അത്യന്താപേക്ഷിതമാണെന്നും തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നു. വി. കുർബാനയുടെ ആഴവും അർത്ഥവും മനസ്സിലാക്കി വിശ്വാസ തീക്ഷ്ണതയോടെ ബലിയർപ്പണത്തിൽ പങ്കുചേരുവാൻ നമുക്ക് പരിശ്രമിക്കാം. "ദൈവഭക്തിയില്ലാത്തവന്റെ ബലികളിൽ അത്യുന്നതൻ പ്രസാദിക്കുകയില്ല, അവൻ എത്ര ബലിയർപ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നൽകുകയോ ഇല്ല" (പ്രഭാ. 34/23) വചനം നമ്മെ ഓർമ്മിപ്പിക്കുന്നതും ഭക്തിയോടെയുള്ള ബലിയർപ്പണത്തെക്കുറിച്ചാണ്.

ബലിയും ജീവിതവും
ആമോസ് പ്രവാചകനിലൂടെ കർത്താവ് പറഞ്ഞു. "നിങ്ങൾ ദഹനബലികളും, ധാന്യബലികളും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല. സമാധാന ബലിയായി നിങ്ങൾ അർപ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാൻ നോക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്ക് കേൾക്കേണ്ട. നിങ്ങളുടെ വീണാനാദം ഞാൻ ശ്രദ്ധിക്കുകയില്ല. നീതിജലം പോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീർച്ചാലുപോലെയും" (ആമോസ് 5/22-24). ഭക്തിയും ശ്രദ്ധയും വിശ്വാസവും തീക്ഷ്ണതയും മാത്രമല്ല ബലിയിൽ ആവശ്യം. മറിച്ച് ബലിയുടെ ജീവിതമാണ് നാം നയിക്കേണ്ടതെന്ന് പ്രവാചകനിലൂടെ കർത്താവ് പഠിപ്പിക്കുന്നു.

ബലി സമർപ്പണമാണ്
സമ്പൂർണ്ണ സമർപ്പണമാണ് ബലി. അഹത്തേയും ജഢത്തേയും പൂർണ്ണമായി ബലിവേദിയിൽ സമർപ്പിക്കുമ്പോഴാണ് ബലി പൂർണ്ണമാവുക. അബ്രാഹം ഏക മകനെ ബലിയർപ്പിക്കാൻ മോറിയാ മലയിലേക്ക് കയറിപ്പോകുന്ന ഹൃദയസ്പർശിയായ രംഗം ഉത്പത്തി 22-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. "ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ തിരുനാമം മഹത്വപ്പെടട്ടെ." എന്ന് പ്രാർത്ഥിച്ച ജോബിന്റെ അതേ മനസ്സാണ് അബ്രാഹത്തിലും നാം കാണുക. എല്ലാം ദൈവത്തിന്റെ ദാനം. എല്ലാം നൽകിയവന് നൽകപ്പെട്ടത് മുഴുവൻ സമർപ്പിക്കുന്നതാണ് യഥാർത്ഥ ബലിയുടെ ചൈതന്യം. ദൈവം നമുക്ക് നൽകിയ സമയവും, സമ്പത്തും, ആരോഗ്യവും, മനസ്സും, ചിന്തയും, ജീവിതവും സമ്പൂർണ്ണമായി സമർപ്പിക്കാതെ ഒരു ബലിയില്ല, ബലി ജീവിതവുമില്ല. ഈശോ പറഞ്ഞത് നാം ഓർക്കണം "നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണമനസ്സോടും, പൂർണ്ണാത്മാവോടും സർവ്വശക്തിയോടും കൂടി സ്‌നേഹിക്കണം" പൂർണ്ണമായ സമർപ്പണമാണ് ബലിയുടെ കാതൽ.

ബലിയർപ്പണം യാന്ത്രികമാകുന്നു.
ഇന്ന് ബലിയർപ്പണം പലപ്പോഴും യാന്ത്രികമാകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെറും ഒരു ചടങ്ങായി ബലിയർപ്പണത്തെ കാണുന്നവരുണ്ട്. അതിന്റെ സമയ ദൈർഘ്യത്തെക്കുറിച്ച് പരാതിപറയുന്നവരുണ്ട്, കാഴ്ചക്കാരായി കൈകെട്ടിയും നിസ്സംഗതയോടെ ദേവാലയത്തിന് പുറത്ത് നില്ക്കുന്നവരുമുണ്ട്. ഭാഗികമായി മാത്രം ബലിയർപ്പണത്തിന് അണയുന്നവരുമുണ്ട്. അത്ഭുതങ്ങളുടെ ജപമാലയുടെയും, നൊവേനയുടെയും പിറകെ ഓടുന്നവരുണ്ട്, ബലിയിൽ പങ്കെടുത്തിട്ടും ബലിവസ്തു സ്വീകരിക്കാത്തവരുണ്ട്. എന്നെന്നേയ്ക്കുമായി ബലിയർപ്പണത്തിൽ നിന്ന് വിട്ട് നിൽക്കുന്നവരും ഏറെയാണ്. അറിവില്ലായ്മയും അറിയാവുന്ന കാര്യങ്ങളാണ് ശരിയെന്നും തെറ്റിദ്ധരിക്കുന്നവർ ബലിയർപ്പണത്തെ വികലമായി കാണുന്നു എന്നതാണ് യാഥാർത്ഥ്യം.

എന്താണ് വി. കുർബാന..?.
പഴയ നിയമത്തിൽ അർപ്പിക്കപ്പെട്ട എല്ലാ ബലികളുടെയും പൂർത്തീകരണമാണ് യേശുവിന്റെ കുരിശിലെ ബലി. ഒരു കുറ്റവാളിക്ക് പകരം തൂക്കിലേറ്റപ്പെട്ടവൻ യഥാർത്ഥത്തിൽ പാപപരിഹാരമായി അർപ്പിക്കപ്പെട്ട പെസഹാകുഞ്ഞാടായിരുന്നു എന്ന് മനസ്സിലാക്കിയ അപ്പസ്‌തോലന്മാരാണ് കാൽവരിയിൽ സംഭവിച്ചത് യഥാർത്ഥത്തിൽ ഒരു ബലിയായിരുന്നു എന്ന് നമ്മെ പഠിപ്പിച്ചത്. ആ കാൽവരിയിലെ ബലി എന്നും നമുക്ക് അനുഭവിക്കുന്നതിനുവേണ്ടിയാണ് കുരിശുമരണത്തിന്റെ തലേന്ന് ആ സംഭവത്തിന്റെ സ്മാരകം (അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തിൽ) ഈശോ സ്ഥാപിച്ചത്. വി. പൗലോസ് ശ്ലീഹ 1 കൊറി. 11/26ൽ നമ്മെ ഓർമ്മിപ്പിക്കുന്നത് ശ്രദ്ധിക്കുക. "നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്" എപ്പോഴെല്ലാം നമ്മൾ വി. കുർബാനയിൽ പങ്കെടുത്താലും അപ്പോഴെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ ബലിയായി സമർപ്പിച്ചവന്റെ അതേ ബലിയിൽ നമ്മൾ പങ്കെടുക്കുന്നു എന്നാണ് പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നത്. വി. കുർബാനയിൽ പങ്കെടുക്കുന്ന നമുക്ക് എത്രപേർക്ക് യേശുവിന്റെ അതേ ബലിയിലാണ് (കാലത്തിനും, ദേശത്തിനും, സമയത്തിനും അതീതമായി) നാം പങ്കെടുക്കുന്നത് എന്നുള്ള അറിവ് ഉണ്ട്. കാരണം കേവലം കുറെ പ്രാർത്ഥനകളുടെ കൂട്ടമാണ് വി. കുർബാന എന്ന ഒരു ധാരണ നമ്മിലുണ്ട്. അത് ശരിയായ ധാരണയല്ല. വി. കുർബാന യേശുവിന്റെ കാൽവരിയിലെ അതേ ബലിതന്നെയാണ്.

വി. കുർബാനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും.
പാപങ്ങളുടെ മോചനത്തെപ്പറ്റി നമുക്കറിയാം. പക്ഷെ, കടങ്ങൾ എന്താണ്? ബലിയിലൂടെ കടങ്ങൾ പൊറുക്കപ്പെടുന്നു എന്നതാണ് നമ്മുടെ വിശ്വാസം. നമ്മിലൂടെയോ നമ്മുടെ പൂർവ്വീകരിലൂടെയോ വന്ന പാപങ്ങളും ബോധപൂർവ്വം വന്ന പാപങ്ങളുടെ ഫലങ്ങളും പൊറുക്കപ്പെടുന്നു. സ്വർഗ്ഗീയ ആരാധനയിൽ പങ്കുചേരുന്നു.

സ്വർഗ്ഗത്തിൽ സകല വിശുദ്ധരോടും മാലാഖമാരോടും കൂടി നിത്യമായി വാഴുന്ന ഈശോയുടെ ബലിയിൽ നമ്മൾ പങ്കുചേരുമ്പോൾ ഈ ഭൂമിയിൽ ജീവിക്കുന്ന നമ്മൾ ഓരോ ബലിയിലൂടെയും സ്വർഗ്ഗോന്മുഖരാകുന്നു, സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുന്നു.

ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നു
ഏറ്റവും ശ്രേഷ്ഠമായ കൃതജ്ഞതയാണ് വി. ബലിയിൽ പങ്കുചേർന്ന് നമ്മൾ ദൈവത്തിന് സമർപ്പിക്കുന്നത്. "ഞങ്ങളുടെ കർത്താവായ ദൈവമേ അങ്ങ് ഞങ്ങൾക്ക് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങളൾക്കുമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയിൽ ഞങ്ങളങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ" എന്ന് നാം പ്രാർത്ഥിക്കാറുണ്ടല്ലോ. ഏറ്റവും വലിയ കൃതജ്ഞത വി. കുർബാന തന്നെയാണ്.

സഭയുടെ ആഘോഷമാണ് വി. കുർബാന.
സഭയിൽ അംഗമായിരിക്കുന്ന ഓരോ വിശ്വാസിയും അഭിമാനത്തോടും താത്പര്യത്തോടും കൂടി പങ്കെടുക്കേണ്ട ആഘോഷമാണ് വി. കുർബാന. കാരണം വി. കുർബാന സഭയുടെ ആഘോഷമാണ്. സഭയിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സ്വർഗ്ഗീയ ഗണവും ഭൂവാസികളായ നമ്മളും ഒന്നുചേർന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന നിമിഷമാണത്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും പരിശുദ്ധൻ പരിശുദ്ധൻ എന്നുദ്‌ഘോഷിക്കുന്ന സന്തോഷകരമായ നിമിഷമാണത്.

ചില പ്രായോഗിക നിർദ്ദേശങ്ങൾ.
വി. കുർബാനയിൽ സജീവമായി പങ്കെടുക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1. അൾത്താരയോട് ചേർന്ന് ബലിയിൽ പങ്കുചേരണം.
2. കുർബാനപുസ്തകം ഉപയോഗിച്ച് വി. കുർബാനയിൽ പങ്കെടുക്കണം.
3. വി. കുർബാനയിൽ പങ്കെടുക്കുമ്പോഴെല്ലാം ദിവ്യകാരുണ്യം സ്വീകരിക്കുവാനുള്ള ഒരുക്കം ഉണ്ടാകണം.
4. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഇടവക ദേവാലയത്തിൽത്തന്നെ വി. കുർബാനയിൽ പങ്കെടുക്കണം.
5. ഞായറാഴ്ചകളിൽ നേർച്ച ഇടുന്ന ശീലം അഭ്യസിക്കണം.
6. പ്രാർത്ഥനകളും പാട്ടുകളും ഉച്ചത്തിൽ ചൊല്ലി സജീവമായി വി. കുർബാനയിൽ പങ്കെടുക്കണം.
7. വി. കുർബാനയ്ക്ക് 5 മിനിറ്റ് മുൻപേ ദേവാലയത്തിൽ എത്തുന്ന പതിവ് ശീലമാക്കണം.
8. വി. ബലി അർപ്പിക്കുന്ന വൈദികർക്കുവേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കണം.
9. പൗരോഹിത്യ ദൈവവിളികൾ നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകുന്നതിനായി എല്ലാ വി. കുർബാനയിലും പ്രാർത്ഥിക്കണം.
10. വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണം.
11. വി. കുർബാനയ്ക്ക് ശേഷം അല്പസമയം മൗനമായി പ്രാർത്ഥിക്കുന്നത് ശീലമാക്കണം.