Quick Enquiry



ക്രിസ്തുമസ് സന്ദേശം

 

 

 

 Written by : ഫാ. ബെന്നി  മുണ്ടനാട്ട് ,ഡയറക്ടർ,ബഥാനിയ

വീണ്ടും ഒരു ക്രിസ്തുമസ് സമാഗതമാകുന്നു അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനത്തിന് ലഭിച്ച വലിയ പ്രകാശമാണല്ലോ മനുഷ്യാവതാരം. പൂർവകാലങ്ങളിൽ പ്രവാചകന്മാരിലൂടെയും പിതാക്കന്മാരിലൂടെയും ദൈവം തന്റെ ജനത്തോട് സംസാരിച്ചിരുന്നെങ്കിലും അവസാനം വചനമായി, ദൈവവുമായി ഗാഢബന്ധം പുലർത്തിയിരുന്നവൻ, കാലസമ്പുർണ്ണതയിൽ മാംസരൂപം സ്വീകരിച്ച് നമ്മിൽ ഒരുവനായതാണ് ക്രിസ്തുമസ്.എല്ലാവർക്കും ബഥാനിയ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു.

 

പ്രവചനങ്ങളുടെ പൂർത്തീകരണം

                                       

ക്രിസ്തുവിന്റെ  ജനനത്തിനും 700 വർഷങ്ങക്കുമുമ്പ് ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇപ്രകാരം പറഞ്ഞു."കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും"( ശയ്യ 7 ,14 ).വചനം മാംസമായി അവതരിക്കുമെന്നത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്ന് വചനം സാകഷ്യപ്പെടുത്തുന്നു. മത്തയിയുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിന്റെ ഇരുപത്തിരണ്ടാം വാക്യത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "  പ്രവചകമുഖേന അരുൾച്ചെയ്‌തത്‌ പൂർത്തിയാകാൻ വേണ്ടിയാണു ഇതെല്ലാം സംഭവിച്ചത്". ശയ്യ അറുപത്തിനാലാം അധ്യായം ഒന്നാം വാക്യത്തിൽ ഇപ്രകാരം വായിക്കുന്നു."കർത്താവേ ആകാശം പിളർന്ന് ഇറങ്ങിവരണമേ". അടിമത്വത്തിലായിരുന്ന ജനത്തിന്റെ രോദനമാണ് ഈ വചനത്തിലൂടെ നാം കേൾക്കുന്നത്. അടിമത്വത്തിന്റെ നുകം പേറി തളർന്ന ഇസ്രായേൽ ജനം വിമോചനത്തിന്റെ സദ്വാർത്തക്കായി കാത്തിരുന്ന് കരഞ്ഞതിന്റെ പ്രതിഫലനമാണീ പ്രാർത്ഥന. "അങ്ങ്,കോപിച്ചു ;കാരണം ഞങ്ങൾ പാപം ചെയ്തു. വളരെക്കാലം ഞങ്ങൾ തിന്മയിൽ വ്യാപാരിച്ചു. ഞങ്ങൾക്കു രക്ഷകിട്ടുമോ?ഞങ്ങൾ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സദ്പ്രവർത്തിക മലിന വസ്ത്രം പോലെയും ആണ്. ഇല പോലെ ഞങ്ങൾ പൊഴിയുന്നു.കാറ്റെന്ന പോലെ ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ പറപ്പിച്ചു കളയുന്നു.അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയെ മുറുകെ പിടിക്കുവാൻ ഉത്സാഹിക്കുകയും ചെയ്യുന്നവർ ആരുമില്ല.അങ്ങ് ഞങ്ങളിൽ നിന്നും മുഖം മറച്ചിരിക്കുന്നു.ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക് അങ്ങ് ഞങ്ങളെ വിട്ടു കളഞ്ഞിരിക്കുന്നു".

 

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു 

 

ദൈവജനത്തിന്റെ പ്രാർത്ഥനയുടെ ഉത്തരവും ദൈവകരുണയുടെ സാന്നിധ്യവുമാണ് മനുഷ്യവതാരം. ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു,  വചനം    ദൈവമായിരുന്നു.ഉൽപത്തിയുടെ പുസ്തകം ഒന്നാം അധ്യായം മൂന്നാം വാക്യത്തിൽ നാം വായിക്കുന്നു."ദൈവം അരുളിചെയ്തു വെളിച്ചം ഉണ്ടാകട്ടെ"ദൈവം അരുളിച്ചെയ്തതു അവിടുത്തെ വചനത്തിലൂടെയാണ്.ഈ വചനം ദൈവത്തോടുകൂടെ ആയിരുന്നതുകൊണ്ട് വചനം ദൈവം ആയിരുന്നു എന്നാണ് യോഹന്നാൻ സൂചിപ്പിക്കുന്നത്.ഈ വചനം കാലാകാലാങ്ങളിൽലായി ദൈവം നേരിട്ടും പ്രവാചകരിലൂടെയും പിതാക്കന്മാരിലൂടെയും ജനത്തെ അറിയിച്ചിരുന്നു.എന്നാൽ ദൈവം തന്നെയായ വചനത്തെ ജനം തിരസ്കരിച്ചു.വചനത്തെ ധിക്കരിച്ചു.ദൈവജനത്തെ പാപത്തിൽ നിന്നും തിന്മയിൽ നിന്നും രക്ഷിക്കുവാൻ "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചതാണ്"  മനുഷ്യാവതാരം അല്ലെങ്കിൽ     വചനത്തിന്റെ  മാംസാവതാരം. "മനുഷ്യവതാരത്തിലൂടെ ദൈവം യേശുക്രിസ്തുവിൽ ലോകത്തെ തന്നോടാനുരഞ്ജിപ്പിക്കുകയും മനുഷ്യവംശത്തെ പാപത്തിന്റെ ബന്ധനത്തിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്


ക്രിസ്തുമസ് ശൂന്യമാകലിന്റെ സംഭവം 

 

മനുഷ്യാവതാരത്തെ കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നത് ശ്രദ്ധിക്കുക. "ചെറുതാക്കാൻ കഴിയത്തക്കവിധം അത്ര വലിയവനാണ് ദൈവം തന്നെത്തന്നെ ദുർബാലനാക്കാനും നമ്മുക്കവിടുത്തെ സ്നേഹിക്കാൻ സാധിക്കുന്നതിനും വേണ്ടി സംരക്ഷണ മാർഗമില്ലാത്ത ശിശുവായി നമ്മിലേക്ക്‌ വരാനും കഴിയത്തക്ക വിധം ദൈവം അത്രമത്രം  ശക്തനാണ് ശൂന്യമാകുവാനും   ചെറുതാകുവാനും ദൈവം തീരുമാനിച്ച സംഭവം ആണ് ക്രിസ്തുമസ്.എന്തുകൊണ്ട് തന്നെത്തന്നെ ശൂന്യനാക്കി എന്ന ചോദ്യത്തിനു യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറാം വാക്യം ഉത്തരം നൽകുന്നു."തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു".ദൈവം എന്നെയും നിന്നെയും സ്നേഹിച്ചതുകൊണ്ടാണ് നമ്മുടെ രൂപസാദൃശത്തിൽ നമ്മുടെ മദ്ധ്യേ സന്നിഹിതനായത്.ദൈവത്തോടുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ ഈശോ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു.വചനമായ യേശുവിനെയാണ് കാലിത്തൊഴുത്തിൽ നാം കാണുക.  

 

സന്തോഷത്തിന്റെ സംഭവം 

 

"ഇതാ സകല  ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത നിങ്ങളെ ഞാൻ അറിയിക്കുന്നു.നിങ്ങൾക്കായി ഒരു രക്ഷകൻ,കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു".ക്രിസ്തുമസ് സന്തോഷം പകരുന്ന ഒരു ഓർമയാണ്.പങ്കുവെയ്ക്കലിന്റെയും സ്നേഹത്തിന്റെയും ഊഷ്മളത ഏറ്റവും കൂടുതൽ അനുഭവിച്ചറിയുന്ന നാളുകൾ.നക്ഷത്രവിളക്കുകൾ തൂക്കിയും,മധുരപലഹാരങ്ങൾ പങ്കുവെച്ചും,പുത്തനുടുപ്പുകൾ ധരിച്ചും,പുൽക്കൂടുകൾ അലങ്കരിച്ചും,കൊടിതോരണങ്ങൾ ചാർത്തിയും,മിന്നും ലൈറ്റുകളാൽ വീടും പരിസരവും മനോഹരമാക്കിയും ക്രിസ്തുമസ് സന്തോഷത്തിന്റെ ഉത്സവമാക്കി നാം മാറ്റുന്നു.നാനാജാതി മതസ്ഥരും സന്തോഷത്തിന്റെ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത് നമ്മുക്ക് കാണാനാവും. 

 

എങ്ങനെയാണു നാം ക്രിസ്തുമസ് ആഘോഷിക്കേണ്ടത്

 

അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനത്തിന്റെ പ്രകാശമായി മാറിയ ക്രിസ്തുമസ് നമ്മുക്കും അർത്ഥവത്തായി ആഘോഷിക്കാം.മദ്യലഹരിയിലോ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിലോ ആഘോഷങ്ങളിലോ അല്ല നാം ശ്രദ്ധിക്കേണ്ടത് മറിച്ച്, ജീവിതത്തിലും കുടുംബത്തിലും വക്തിത്വത്തിലും യേശു ചൈതന്യം നിറയാൻ നാം ആഗ്രഹിക്കണം. രക്ഷകനായി കടന്നു വന്ന യേശുവിന്റെ രക്ഷ നാം സ്വന്തമാക്കണം.അടിമത്വത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ കടന്നു വന്ന യേശുവിലൂടെ പാപാന്ധകാരം നീങ്ങുന്നതിനായി നമ്മൾ പ്രാർത്ഥിക്കണം. ബന്ധിതർക്ക് മോചന നൽകുവാൻ വന്ന യേശുവിലൂടെ എല്ലാ തിന്മകളുടെ സ്വാധീനങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ നമ്മുക്ക് ആകണം. ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ഈ ലോകത്തിലേക്ക് കടന്നു വന്ന ഈശോയുടെ ജനനതിരുന്നാളിനൊരുങ്ങുബോൾ ജീവന്റെ സമൃദ്ധി നമ്മുടെ കുടുംബങ്ങളിലും ഉണ്ടാകുവാൻ നമ്മൾ പ്രാർത്ഥിക്കണം.ഉണ്ണിയേശുവിന്റെ ജനനം സകല ജനത്തിനും സന്തോഷത്തിന്റെ സദ്വാർത്ത ആയിരുന്നതുപോലെ ഓരോ കുഞ്ഞിന്റെ ജനനവും കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും സന്തോഷത്തിന്റെ നല്ല വാർത്തയാകുന്നതിനായി നമ്മൾ ആഗ്രഹിക്കണം.ഇങ്ങനെ ക്രിസ്തുമസ് ജീവിതത്തിന്റെ മനോഭാവങ്ങളുടെയും തീരുമാനങ്ങളുടെയും മാറ്റത്തിന്റെ ഒരു സംഭവമായി മാറട്ടെ.                

നാം ചെയ്യേണ്ടത് 

   

  1.  ആഴമായ അനുതാപത്തോടെ കുമ്പസാരിച്ചോരുങ്ങണം.അടുത്ത ഒരു ക്രിസ്തുമസ്             ആഘോഷിക്കാനാകുമോ എന്ന് നമ്മുക്ക് അറിയില്ലല്ലോ.
 
   2.   ആവുന്നത്ര ദിവസങ്ങളിൽ വി.കുർബാനയിൽ പങ്കെടുത്ത് വി.കുർബാന സ്വീകരിച്ച്    യേശുവിലൂടെ സാധ്യമായ രക്ഷ അനുഭവിക്കുവാൻ തയ്യാറാകണം.ബന്ധനങ്ങളിൽ        നിന്നുള്ള മോചനവും കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ                                                         മോചനവും വി.കുർബാനയിലൂടെ ലഭിക്കുന്നു.
 
  3.സുകൃതജപങ്ങൾ ചൊല്ലി ഹൃദയത്തെ ഒരുക്കണം.
 
4. ക്രിസ്തുമസ് ശൂന്യവത്ക്കരണത്തിന്റെയും എളിമയുടെയും സംഭവമായതിനാൽ  എളിമയെന്ന പുണ്യത്തിനായി തീഷ്ണതയോടെ       പ്രാർത്ഥിക്കണം.പിണങ്ങി കഴിയുന്നവരുമായി രമ്യതപ്പെടണം.ക്രിസ്തുവിനുണ്ടായിരുന്ന    മനോഭാവം സ്വന്തമാക്കണം.
 
5.  പ്രവചനങ്ങളുടെ പൂർത്തീകരണമാണല്ലോ ക്രിസ്തുസംഭവം.അതിനാൽ വചനം കൂടുതൽ വായിക്കണം.രക്ഷാകരസംഭവങ്ങളേയും പ്രവചനകളെയും കൂടുതൽ അറിയണം. 
 
6. ക്രിസ്തുസംഭവത്തിന്റെ ധ്യാനാത്മകമായ വിചിന്തനമാണല്ലോ ജപമാല.സന്തോഷവും,പ്രകാശവും ദുഃഖവും,മഹിമയും ഇടകലർന്ന രക്ഷാകരസംഭവത്തെ ധ്യാനിക്കുമ്പോൾ ജീവിതം അർത്ഥപൂർണമാക്കണെന്ന ബോധ്യം ഈശോ നമ്മുക്ക് നൽകും.ജപമാല കൂടുതൽ ചൊല്ലി പ്രാർത്ഥിക്കണം. 
 
7. ക്രിസ്തുമസ് വചനം മാംസമായി ഒരു ശിശുവായി പിറന്ന സംഭവമാണല്ലോ. ജീവനെ സ്നേഹിക്കുവാനും കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധന നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകുവാനും നാം പ്രാർത്ഥിക്കണം.കുഞ്ഞുങ്ങളെ സ്നേഹിക്കുവാനും ദൈവം തന്ന മക്കളെ സ്വീകരിക്കുവാനും യുവതലമുറയെ അനുഗ്രഹിക്കണമേയെന്നു നാം പ്രാർത്ഥിക്കണം.
 

8. സൗഹൃദങ്ങൾ പുതുക്കണം.ക്രിസ്തുമസ് കാർഡുകൾ,കേക്കുകൾ,സുഹൃത് സന്ദർശനം, രോഗിസന്ദർശനം, രോഗീ പരിചരണം,ഇവയെല്ലാം വർദ്ധിച്ച സ്നേഹ തീഷ്ണതയോടെ നമ്മുക്ക് നിർവഹിക്കാം.അങ്ങനെ ക്രിസ്തുമസ് നമ്മുക്ക് ജീവിതത്തിന്റെ ഒരുനുഭവമായി മാറുന്നതിനായി പ്രാർത്ഥിക്കാം.